തദ്ദേശ വോട്ടെടുപ്പ് ഒരു മണിക്കൂർ നീട്ടി; കോവിഡ് രോഗികൾക്ക് തപാൽ വോട്ട്
Thursday, September 17, 2020 12:26 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടുന്നതിനും കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കിടപ്പുരോഗികൾക്കും തപാൽവോട്ട് ഏർപ്പെടുത്തുന്നതിനും നിയമഭേദഗതി നിർദ്ദേശിച്ചുള്ള പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമ ഭേദഗതി ഓർഡിനൻസുകൾക്ക് മന്ത്രിസഭായോഗം ഗവർണറോട് ശിപാർശ ചെയ്തു.
വോട്ടെടുപ്പു സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാക്കാനാണ് നിർദേശം. നിലവിൽ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെയാണ്. വോട്ടെടുപ്പിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് എന്തു ക്രമീകരണമൊരുക്കണമെന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു വിടും. ഇവർക്കായി പ്രത്യേക പോളിംഗ് ബൂത്ത് സജ്ജമാക്കുന്നതടക്കമുള്ള കാര്യങ്ങൾ കമ്മീഷന് ആലോചിച്ചു തീരുമാനിക്കാം.
എന്നാൽ, റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട 65നു മുകളിൽ പ്രായമുള്ളവരെ തപാൽവോട്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും അത്തരമൊരു നിർദ്ദേശം വച്ചിട്ടില്ല. കേരളത്തിൽ 65ന് മുകളിൽ പ്രായമുള്ളവരുടെ എണ്ണം ഉയർന്നതായതിനാൽ തപാൽവോട്ട് പ്രായോഗികമല്ല.
കോവിഡ് നിരീക്ഷണത്തിലുള്ളവർക്ക് തപാൽവോട്ടോ പ്രോക്സി വോട്ടോ പരിഗണിക്കാമെന്ന നിർദേശമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ സർക്കാരിന് സമർപ്പിച്ചിരുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന ഏറ്റവുമടുത്ത ബന്ധുക്കളെ വോട്ട് ചെയ്യാനനുവദിക്കുന്നതാണ് പ്രോക്സി വോട്ടിംഗ്. ഇതിനോട് രാഷ്ട്രീയപാർട്ടികൾക്ക് യോജിപ്പില്ലായിരുന്നു.
പോളിംഗ് സമയം ദീർഘിപ്പിക്കുന്നതിന് പഞ്ചായത്ത്രാജ് നിയമത്തിലെ 70ാം വകുപ്പും മുനിസിപ്പാലിറ്റി വകുപ്പിലെ 126ാം വകുപ്പുമാണ് ഭേദഗതി ചെയ്യേണ്ടത്. തപാൽ വോട്ടിംഗിന് പഞ്ചായത്ത്രാജ് വകുപ്പിലെ 74ാം വകുപ്പും മുനിസിപ്പാലിറ്റി നിയമത്തിലെ 13ാം വകുപ്പും ഭേദഗതി ചെയ്തു. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ ഭേദഗതികൾ നിലവിൽ വരും.
നവംബർ 12ന് മുന്പ് തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടതാണെങ്കിലും കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് അല്പം നീട്ടിവയ്ക്കാൻ കഴിഞ്ഞ സർവകക്ഷിയോഗത്തിൽ ധാരണയായിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്ന ഘട്ടത്തിൽ സർക്കാർ നിർദേശം കൂടി കമ്മീഷൻ കണക്കിലെടുക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.