പിണറായിയില്‍ സഹോദരങ്ങള്‍ വീടിനുള്ളിൽ മരിച്ചനിലയില്‍
Saturday, September 19, 2020 12:46 AM IST
കൂത്തുപറമ്പ്: സഹോദരങ്ങളെ വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗം തയ്യില്‍ മഠപുരയ്ക്ക് സമീപത്തെ രാധിക നിവാസില്‍ സുകുമാരന്‍ (58), രമേശന് (54) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സുകുമാരനെ വീടിനകത്തെ കട്ടിലില്‍ മരിച്ചുകിടക്കുന്നതായും രമേശനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയത്. രണ്ടുമുറികള്‍ മാത്രമുള്ള വീട്ടില്‍ സുകുമാരനും അനുജന് രമേശനും മാത്രമാണു താമസിക്കുന്നത്. ഇവരില്‍ സുകുമാരന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണ്. ഇരുവരും സമീപത്തെ ഹോട്ടലില്‍നിന്നു പാഴ്സലായി ഭക്ഷണം വാങ്ങിയാണു കഴിക്കാറ്. എന്നാല്‍ രണ്ടുദിവസമായി ഭക്ഷണം വാങ്ങാന്‍ ആരും ഹോട്ടലില്‍ എത്താത്ത സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടത്. സുകുമാരന്റെ മൃതദേഹത്തിനു കൂടുതല്‍ ദിവസത്തെ പഴക്കമുണ്ട്.
രമേശന് സുകുമാരനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്തതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. പരേതരായ കൃഷ്ണന്-കല്യാണി ദമ്പതികളുടെ മക്കളാണ് ഇരുവരും.