ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം ; നിർണായക വെളിപ്പെടുത്തലുമായി ആന്റണി
Saturday, September 19, 2020 12:47 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിനെയും കേരള രാഷ്ട്രീയത്തെയും സംബന്ധിച്ച നിർണായക വെളിപ്പെടുത്തലുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. 2004-ൽ മുഖ്യമന്ത്രിപദം ഒഴിയുന്പോൾ തന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടി വരണമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടു ആവശ്യപ്പെട്ടതു താനാണെന്നു ആന്റണി പറഞ്ഞു. നിയമസഭാ സാമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻചാണ്ടിക്ക് ആദരസൂചകമായി കെപിസിസി സംഘടിപ്പിച്ച സുവർണ ജൂബിലി ആഘോഷ പരിപാടികൾ വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2004ൽ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ഉടനേ താൻ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു രാജിക്കത്തു നൽകിയിരുന്നു. അതു വൈകിയാണ് അംഗീകരിച്ചത്. 2004 ഓഗസ്റ്റ് 28നാണ് രാജിവച്ചത്. തന്റെ രാജി നാടകീയമായിരുന്നില്ലെന്നും ആന്റണി വ്യക്തമാക്കി. രാജിവയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2004 ജൂലൈ 13ന് കത്തും ഫാക്സും അയച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉച്ചയ്ക്കാണ് അയച്ചത്. ജൂലൈ രണ്ടാംവാരം ഡൽഹി സന്ദർശനസമയത്ത് സോണിയാഗാന്ധിയെ കണ്ടപ്പോൾ രാജിവയ്ക്കാൻ അനുമതി കിട്ടി. അടുത്തത് ആര് എന്ന സോണിയ ഗാന്ധിയുടെ ചോദ്യത്തിന് തീർച്ചയായും ഉമ്മൻ ചാണ്ടി തന്നെ എന്നതായിരുന്നു തന്റെ മറുപടി.
ഒന്നരമാസം കഴിഞ്ഞ് രാജിവയ്ക്കുന്നതിനും അന്നുതന്നെ അനുമതി ലഭിച്ചിരുന്നു. പിൻഗാമി ഉമ്മൻ ചാണ്ടിയെന്ന് ആരോടും പറഞ്ഞില്ല. രാജിക്കാര്യം പുറത്തുപോയാൽ ചെയ്തുതീർക്കാനുള്ള കാര്യം ചെയ്തുതീർക്കാൻ കഴിയില്ല. 2002ൽ സർക്കാർ ജീവനക്കാരുടെ നിർത്തലാക്കിയ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാനും മറ്റു ചില കാര്യങ്ങൾ ചെയ്യാനുമുണ്ടായിരുന്നു. സോണിയാഗാന്ധിയുടെ കേരള സന്ദർശം കഴിഞ്ഞ് രാജി എന്നായിരുന്നു തീരുമാനം.
2004 ഓഗസ്റ്റ് 28 സോണിയാഗാന്ധി എസ്എൻഡിപിയുടെ പരിപാടിക്കുവേണ്ടി കൊല്ലത്തുവന്നു. സോണിയഗാന്ധി പോയിക്കഴിഞ്ഞപ്പോൾ വിമാനത്താവളത്തിൽ വച്ച് രാജിപ്രഖ്യാപിച്ചു. അതുവരെയും ആരും അറിഞ്ഞില്ല. സഹപ്രവർത്തകർക്കോ മാധ്യമ പ്രവർത്തകർക്കോ കുടുംബാംഗങ്ങൾക്കോ ഏറ്റവും വിശ്വസ്തനായ ഉമ്മൻ ചാണ്ടിക്കോ അറിയില്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജിവച്ച് പിറ്റേ ദിവസം പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്ന അന്നുരാവിലെ ഉമ്മൻ ചാണ്ടി കോട്ടയത്തുനിന്ന് തിരിച്ചുവരുന്പോൾ താൻ ഫോണിൽ ഉമ്മൻ ചാണ്ടിയോട് അടുത്ത മുഖ്യമന്ത്രിയായിരിക്കുമെന്നു പറഞ്ഞു. മുതിർന്ന നേതാക്കളോടും എംഎൽഎമാരോടും ഇതുതന്നെ പറഞ്ഞു. പാർലമെന്ററി പാർട്ടിയിൽ താൻ ഉമ്മൻ ചാണ്ടിയെ നിർദേശിച്ചു. തുടർന്നാണ് ഉമ്മൻ ചാണ്ടി തന്റെ പിൻഗാമിയായി മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു.