നാലാംഘട്ട ഇളവുകൾ 21 മുതൽ ; കടകളുടെ പ്രവർത്തന സമയം കൂട്ടണം
Saturday, September 19, 2020 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രികാല പ്രവർത്തന സമയം ഉയർത്തണമെന്നു പൊതുഭരണ വകുപ്പ് ശിപാർശ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും ഒഴികെയുള്ളവ ഇപ്പോൾ രാത്രി ഏഴിന് അടയ്ക്കേണ്ടതുണ്ട്. ഇവയുടെ പ്രവർത്തന സമയം പത്തു വരെയെങ്കിലും ആക്കാനാണു ശിപാർശ. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കണ്ടെയ്ൻമെന്റ് സോണിലൊഴികെ എല്ലായിടത്തും രാത്രി 10 വരെ കടകൾ തുറന്നു വയ്ക്കുന്നതു തിരക്കു കുറയ്ക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായുള്ള ഇളവുകൾ 21 മുതൽ സംസ്ഥാനത്തും നിലവിൽ വരും. ഇതനുസരിച്ചു 100 പേർ വരെ പങ്കെടുക്കുന്ന രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക, മത പരിപാടികളും അക്കാദമിക്, സ്പോർട്സ് പരിപാടികളും നടത്താം. എൻഎസ്ഡിസി അംഗീകാരമുള്ള തൊഴിൽ സാങ്കേതിക പരിശീലന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാം. ഓപ്പണ്‍ എയർ തീയറ്ററുകളും 21 മുതൽ തുറക്കാം.
കേന്ദ്രത്തിന്റെ ഇളവുകൾ അതേപടി ഇവിടെയും നടപ്പാക്കുന്നുമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്കൂളുകളിൽ സംശയ നിവാരണത്തിനു വിദ്യാർഥികൾക്ക് എത്താമെന്നതിൽ ആശയക്കുഴപ്പമുണ്ട്.
ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് 21 മുതൽ സ്കൂളുകളിൽ എത്തി അധ്യാപകരിൽ നിന്നു സംശയം തീർക്കാമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു തൽക്കാലം കേരളത്തിൽ നടപ്പാക്കില്ല. അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലാകും തീരുമാനം.