സാലറി കട്ട്: സംഘടനകളുമായി ചൊവ്വാഴ്ച ചർച്ച
Sunday, September 20, 2020 12:53 AM IST
തിരുവനന്തപുരം: സാലറി കട്ട് ആറു മാസത്തേയ്ക്കു കൂടി നീട്ടിയതിനെതിരേ ജീവനക്കാരുടെ സംഘടനകൾ ഒന്നടങ്കം രംഗത്ത് എത്തിയതോടെ സർവീസ് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ധനമന്ത്രി. ചൊവ്വാഴ്ച വൈകുന്നേരമാണു ധനമന്ത്രി ഡോ. തോമസ് ഐസക് വിളിച്ച ജീവനക്കാരുടെ സംഘടനകളുടെ യോഗം.
പിഎഫ് വായ്പയും ഓണം മുൻകൂറും തിരിച്ചടയ്ക്കുന്നതിന് ആറു മാസത്തെ സാവകാശം അടക്കമുള്ള ഇളവുകൾ അനുവദിക്കാമെന്നാണു സർക്കാർ പറയുന്നത്.
സാലറി കട്ട് പദ്ധതിക്കെതിരേ പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതിനൊപ്പം ഭരണാനുകൂല സംഘടനകൾ കൂടി ശന്പളം പിടിക്കുന്നതു പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു ധനമന്ത്രിക്കു കത്തു നൽകി. കഴിഞ്ഞ ദിവസം സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലും സാലറി കട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കു നിവേദനം നൽകിയിരുന്നു. പ്രതിപക്ഷ സംഘടനകൾ കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.