മൂന്നു ഭീകരസംഘടനകള്‍ക്കു കേരളത്തില്‍ വേരുകള്‍
Wednesday, September 23, 2020 12:27 AM IST
കൊച്ചി: കേരളത്തിൽ ഐഎസ്, ലഷ്കര്‍ ഇ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകള്‍ക്കു വേരുകളുണ്ടെന്ന് എന്‍ഐഎ. വടക്കന്‍ കേരളത്തിൽ ആഴത്തിൽതന്നെ ഇവയ്ക്കു വേരുണ്ട്. സംസ്ഥാനത്തു പല പേരിലാണ് ഇവ അറിയപ്പെടുന്നതെന്നും ഇവര്‍ക്കു ധനസമാഹരണത്തിനായി വിവിധ സംഘടനകള്‍ സഹായിക്കുന്നുണ്ടെന്നും എന്‍ഐഎ വെളിപ്പെടുത്തുന്നു.
രാജ്യത്ത് ബംഗാളിലും എറണാകുളത്തുമടക്കം 12 സ്ഥലങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിൽ കൊച്ചിയില്‍നിന്നു മൂന്നും ബംഗാളില്‍നിന്ന് ആറും ഭീകരര്‍ പിടിയിലായിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു രണ്ടു ഭീകരരെക്കൂടി പിടികൂടി. കനകമല കേസിലെ സൂത്രധാരനായ മുഹമ്മദ് പോളക്കാനിയെ കഴിഞ്ഞദിവസം ജോര്‍ജിയയില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെ കൊച്ചിയില്‍ എത്തിച്ചായിരുന്നു പോളക്കാനിയുടെ അറസ്റ്റ്.
ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകനായ ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍നവാസ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരെയാണ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇവരെയും വിദേശത്തുനിന്നു നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.