ലഹരിമാഫിയയുടെ ഉന്നതതലബന്ധം എന്‍ഐഎ തേടുന്നു
Wednesday, September 23, 2020 11:59 PM IST
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കു ലഹരിക്കടത്തു കേസുമായി ബന്ധമുണ്ടെന്നു വ്യക്തമായതോടെ മയക്കുമരുന്നു മാഫിയയുടെ ഉന്നതതല ബന്ധം തേടി ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) അന്വേഷണം ശക്തമാക്കി. എന്‍ഐഎയുടെ അധികാരപരിധി വിപുലപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഇതിനിടെ വിജ്ഞാപനവുമിറക്കി.
രാജ്യത്തെ ലഹരിമാഫിയ സംഘങ്ങള്‍, കേരളത്തില്‍നിന്ന് ഇവർക്കു ലഭിക്കുന്ന സഹായം, തീവ്രവാദബന്ധം തുടങ്ങിയ കാര്യങ്ങൾ എന്‍ഐഎ ചികഞ്ഞുവരുന്നു. കേരളത്തിലെ ഏതാനും ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു വിവരശേഖരണത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കിയിട്ടുണ്ട്. ലഹരിക്കടത്തു ലോബികളുമായുള്ള എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളും അന്വേഷിക്കും.
ലഹരിക്കടത്ത് കേസില്‍ ബംഗളൂരുവില്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസുമായുള്ള ബന്ധം പുറത്തായത്.
തീവ്രവാദബന്ധമുള്ള പ്രതികൂടിയാണ് റമീസെന്ന് എന്‍ഐഎ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്. ബംഗളൂരുവില്‍ സ്വപ്നയും സന്ദീപും എന്‍ഐഎ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണില്‍ വിളിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി അനൂപിനുള്ള അടുത്ത ബന്ധവും പുറത്തുവന്നിട്ടുണ്ട്. മലയാള സിനിമാ മേഖലയിൽ മയക്കുമരുന്നിന്റെ ഉപയോഗവും കച്ചവടവും വൻതോതിൽ നടക്കുന്നതിനാൽ ഇതുസംബന്ധിച്ചുള്ള രേഖകളും എന്‍ഐഎ ശേഖരിച്ചു വരുന്നു.