സിബിഐ എത്തിയതിനു പിന്നാലെ ലൈഫിൽ വിജിലൻസ് പരിശോധന
Saturday, September 26, 2020 12:26 AM IST
തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതിനു തൊട്ടു പിന്നാലെ പ്രാഥമിക പരിശോധന നടത്താൻ നിശ്ചയിച്ച വിജിലൻസ് സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തി.
ഇന്നലെ വൈകുന്നേരം വിജിലൻസ് സംഘം സെക്രട്ടറിയേറ്റ് അനക്സിലെ തദ്ദേശസ്വയംഭരണ വിഭാഗത്തിൽ എത്തി ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു. ഓഫീസ് സമയം കഴിഞ്ഞ ശേഷമായിരുന്നു പരിശോധന. ലൈഫ് മിഷൻ ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ നടപടിയാണിത്. ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച രേഖകളാണ് വിജിലൻസ് സംഘം പരിശോധിച്ചത്. കോട്ടയം യൂണിറ്റ് എസ്പി വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.