ഹസന് കൂടിക്കാഴ്ച നടത്തിയത് തന്റെ അറിവോടെ: മുല്ലപ്പള്ളി
Thursday, October 22, 2020 12:56 AM IST
കണ്ണൂർ: യുഡിഎഫ് കൺവീനർ എം.എം. ഹസൻ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ അസ്വാഭാവികതയില്ലെന്നും തന്റെ അറിവോടെയാണ് കൂടിക്കാഴ്ച നടത്തിയതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
എല്ലാ പാർട്ടിക്കാരും മതനേതാക്കളുമായി ഇത്തരം കൂടിക്കാഴ്ചകൾ നടത്താറുള്ളതാണ്. യുഡിഎഫുമായി ധാരണയിലെത്തിയെന്ന വെൽഫെയർ പാർട്ടിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വെൽഫെയർ പാർട്ടിയുമായി സഹകരിക്കണോ എന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ തനിക്ക് വ്യക്തിപരമായ ചില അഭിപ്രായമുണ്ട്. അക്കാര്യങ്ങൾ പാർട്ടിവേദിയിൽ പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബാർ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള ആരോപണത്തിന് ഒരടിസ്ഥാനവുമില്ല. ആരോപണം ഉന്നയിച്ചതിനുപിന്നിൽ ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ച് നേരത്തെ കൃത്യമായ അന്വേഷണം നടന്നതാണ്. ഒരു അബ്കാരിയുടെ ആരോപണത്തെ ഗൗരവമായി എടുക്കേണ്ടതില്ല.
അവസരവാദത്തിന്റെ അപ്പസ് തോലനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യമുക്ത കേരളമെന്ന് നടീ-നടൻമാരെ ഉപയോഗിച്ചു പരസ്യം ചെയ്തവർതന്നെ എല്ലാ ബാറുകളും തുറന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.