എറണാകുളം മെഡിക്കല്‍ കോളജിലെ കോവിഡ് മരണം: അന്വേഷണം തുടങ്ങി
Thursday, October 22, 2020 12:56 AM IST
കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ അശ്രദ്ധമൂലം രണ്ടു കോവിഡ് രോഗികള്‍ മരിച്ചെന്ന നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശവും ജൂണിയര്‍ വനിതാ ഡോക്ടറുടെ വെളിപ്പെടുത്തലും പുറത്തുവന്നതിനു പിന്നാലെ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. പള്ളുരുത്തി സ്വദേശി ഹാരിസ്, ആലുവ കാഞ്ഞിരത്തിങ്കൽ ബൈഹഖി എന്നിവരുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. ഇരു കൂട്ടരുടെയും പരാതി സ്വീകരിച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കളമശേരി എസ്എച്ച്ഒ കെ. സന്തോഷ് പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ മികച്ച ചികിത്സ ലഭിക്കാൻ ആശുപത്രി അധികൃതർ 40,000 രൂപ ആവശ്യപ്പെട്ടെന്ന ഗുരുതരമായ ആരോപണമാണു ബൈഹഖിയുടെ ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയവേ ബൈഹഖി വീട്ടിലേക്ക് അയച്ച ഫോൺ സന്ദേശങ്ങൾ ഇതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. പണം നല്കാൻ കഴിയാത്തതിനാൽ മികച്ച ചികിത്സ ലഭിച്ചില്ലെന്നും അതുമൂലമാണു മരണം സംഭവിച്ചതെന്നും ബൈഹഖിയുടെ സഹോദരന് ജസ്നഫര് ആരോപിച്ചു. നഴ്സിംഗ് ഓഫീസറുടെയും ഡോക്ടറുടെയും വെളിപ്പെടുത്തലിലൂടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. നടപടിയുമായി മുന്നോട്ടുപോകുമെന്നും ജസ്നഫര് പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ മരിക്കുന്നതിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആരോഗ്യ സെക്രട്ടറിയെ കൂടാതെ കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
സംഭവം സംബന്ധിച്ചു പുറത്തുവന്ന ശബ്ദരേഖകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരോപണങ്ങള്‍ ഗുരുതര സ്വഭാവത്തിലുള്ളതാണെന്നു കമ്മീഷന് ചൂണ്ടിക്കാട്ടി. കേസ് നവംബര്‍ 21നു പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കേയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.