ദേശീയപാതയിൽ മരംവീണു ഗതാഗതംമുടങ്ങി; ആംബുലൻസിൽ രോഗി മരിച്ചു
Wednesday, October 28, 2020 12:32 AM IST
അടിമാലി: ദേശീയപാതയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടതോടെ ചികിത്സകിട്ടാതെ വീട്ടമ്മ ആംബുലൻസിൽ മരിച്ചു. അടിമാലി മന്നാങ്കാല ചിറയിലാൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവി (57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാളറ മൂന്നുകലുങ്കിനു സമീപത്തായിരുന്നു സംഭവം.
ശസ്ത്രക്രിയയ്ക്കു വീട്ടിൽ കഴിഞ്ഞിരുന്ന ബീവിയുടെ രക്തസമ്മർദം കുറഞ്ഞതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ വിദഗ്ധചികിൽസ നിർദേശിച്ചതിനാൽ ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലൻസിനുമുന്നിൽ മരം കടപഴുകി വീണു. ദേശീയ പാതയിൽ 15 മിനിറ്റ് ഗതാഗതം നിലച്ചു. ഇതിനിടെയായിരുന്നു മരണം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഫൈസൽ, ഷെമീന, ഹസീന എന്നിവരാണ് മക്കൾ. മരുമക്കൾ: അൽത്താന, റഹിം, നവാസ്. കബറടക്കം ഇന്ന് അടിമാലി ടൗണ്‍ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ നിരവധി മരങ്ങൾ അപകടാവസ്ഥയിലുണ്ട്.