എംജി സർവകലാശാല സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രം നാടിനു സമർപ്പിച്ചു
Wednesday, October 28, 2020 12:32 AM IST
കോട്ടയം: സർവകലാശാലകളും കോളജുകളും ഉയർന്ന നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ) ഗ്രേഡ് നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കണമെന്നും സർക്കാർ മികച്ച പരിഗണനയാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എംജി യൂണിവേഴ്സിറ്റി സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിർമിച്ച സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു.
തോമസ് ചാഴിക്കാടൻ എംപി, കെ. സുരേഷ് കുറുപ്പ് എംഎൽഎ, വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, അതിരന്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, ജില്ലാ പഞ്ചായത്തംഗം ബി. മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മോളി ലൂയിസ്, ഗ്രാമപഞ്ചായത്തംഗം ഷിമി സജി, സിൻഡിക്കേറ്റംഗം അഡ്വ. പി. ഷാനവാസ്, ഡോ. എ. ജോസ്, സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ എന്നിവർ പങ്കെടുത്തു.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയിലൂടെ 4.53 കോടി രൂപ ചെലവിലാണ് സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
പദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമാണ്. 14,131 ചതുരശ്രയടിയുള്ള ഇരുനില കെട്ടിടത്തിന്റെ നിർമാണ ചുമതല കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കന്പനി ലിമിറ്റഡാണ് (കെൽ) നിർവഹിച്ചത്.