കൈവശരേഖ നഷ്ടപ്പെട്ട കർഷകർക്കു പട്ടയം: തീരുമാനം സ്വാഗതാർഹമെന്ന് മാർ പുളിക്കൽ
Thursday, October 29, 2020 12:28 AM IST
കൊച്ചി: കൈവശരേഖ നഷ്ടപ്പെട്ട കർഷകർക്കു പട്ടയംനൽകാനുള്ള റവന്യു വകുപ്പ് ഉത്തരവ് സ്വാഗതാർഹമാണെന്നു കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ.
ഓഫീസിൽ ഫയൽ കാണാതാകുകയോ ജീർണിച്ച് നശിക്കുകയോ ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് പട്ടയപ്പകർപ്പ് നൽകാനും റീസർവേയിലൂടെ നിജസ്ഥിതി പരിശോധിക്കാനും റവന്യു സെക്രട്ടറിയുടെ ഉത്തരവിൽ നിർദേശിക്കുന്നത്.
കൈവശരേഖകൾ നഷ്ടപ്പെട്ട് കണ്ണീരൊഴുക്കി വിഷമിക്കുന്ന നിരവധി കർഷകർ കാലങ്ങളായി ആഗ്രഹിച്ചിരുന്ന തീരുമാനമാണിത്. നിരവധിപേർക്ക് ആശ്വാസമാകുന്ന ഈ ഉത്തരവ് ദുരുപയോഗിക്കാനുള്ള പഴുതുകൾ അടച്ച് എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.