യെമൻ പൗരന്റെ കൊലപാതകം; മട്ടന്നൂർ സ്വദേശികൾക്കു വധശിക്ഷ
Thursday, October 29, 2020 1:10 AM IST
മട്ടന്നൂർ: ഖത്തറിൽ യെമൻ പൗരനായ സ്വർണവ്യാപാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ നാലുപേർക്ക് വധശിക്ഷ. പാലോട്ടുപള്ളിയിലെ അഷ്ഫീർ, അനീസ്, റാഷിദ്, ഷമ്മാസ് എന്നിവരെയാണു ഖത്തർ കോടതി തൂക്കിലേറ്റാൻ വിധിച്ചത്.
2019 ജൂൺ 19നായിരുന്നു സ്വർണ മൊത്തവ്യാപാരിയായ യെമൻ പൗരൻ അബ്ദുൾ സലാമിനെ കഴുത്തറത്തു കൊലപ്പെടുത്തി സ്വർണവും പണവും കവർന്നത്. കൃത്യത്തിനുശേഷം അനീസും റാഷിദും ഷമ്മാസും നാട്ടിലേക്കു കടന്നിരുന്നു. അഷ്ഫീർ പിടിയിലാകുകയും ചെയ്തു. യെമൻ പൗരന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അഷ്ഫീറിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം.
27 പേരാണു കേസിലെ പ്രതികൾ. പ്രതികളെ സഹായിക്കുകയും നാട്ടിലേക്കു കവർച്ചമുതലായി കിട്ടിയ പണം അയയ്ക്കുകയും ചെയ്ത പ്രതികളിൽ പലർക്കും അഞ്ചുവർഷം, രണ്ടുവർഷം, ആറു മാസം എന്നിങ്ങനെ കഠിനതടവു വിധിച്ചിട്ടുണ്ട്.
കുറ്റം തെളിയിക്കപ്പെടാത്തതിനാൽ ഏതാനും പേരെ വെറുതെ വിട്ടു. കേരളത്തിലെത്തിയ പ്രതികളെ രാജ്യത്തെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടിയിരിക്കുകയാണു ഖത്തർ ഭരണകൂടം.
കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും ഖത്തറും തമ്മിൽ കരാറില്ലാത്തതിനാലാണ് ഇന്റർപോളിനെ സമീപിച്ചിരിക്കുന്നത്.