ശിവശങ്കറിന്റെ ആരോഗ്യ വിവരം നേരത്തേ ശേഖരിച്ചു
Thursday, October 29, 2020 1:10 AM IST
തിരുവനന്തപുരം: ശിവശങ്കറിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും കഴിഞ്ഞ ദിവസം മുതൽ ശേഖരിച്ചിരുന്നു. നടുവേദനയ്ക്ക് ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന വഞ്ചിയൂരിലെ ആയുർവേദ കേന്ദ്രത്തിലെ ഡോക്ടർമാരുമായി അന്വേഷണ ഏജൻസികൾ നിരന്തരം ബന്ധപ്പെട്ടു രോഗവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിച്ചു.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ പരിഗണിക്കും മുൻപായിരുന്നു രോഗവിവരം തേടിയത്. ശിവശങ്കറിനു കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിന് ആരോഗ്യപരമായ തടസങ്ങളില്ലെന്നും ഉറപ്പു വരുത്തി.
നേരത്തേ, കസ്റ്റംസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞു വീണിരുന്നു. അന്നു വിശദ പരിശോധന നടത്തിയെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു.