ശബരിമലയില്‍ ദിവസം 1000 പേര്‍ക്കു ദര്‍ശനസൗകര്യം
Friday, October 30, 2020 12:20 AM IST
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദിവസം 1000 പേര്‍ക്കു മാത്രം ദര്‍ശനത്തിന് അനുമതി നല്കുകയുള്ളെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പത്രസമ്മേളനത്തില്‍ അറിയിച്ചു. അവധി ദിനങ്ങളായ ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കു ദര്‍ശനത്തിന് ക്രമീകരണം ഉണ്ടാവും. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കും.
പ്രവേശനത്തിനു വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണം. 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവ കരുതണം.
60 വയസിനു മുകളില്‍ പ്രായമുള്ളവരെയും 10 വയസില്‍ താഴെയുള്ളവരെയും അനുവദിക്കില്ല. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് സംവിധാനം ഒരുക്കും.
ഡ്യൂട്ടിക്കെത്തുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു
മണ്ഡല മകരവിളക്ക് തീര്‍ഥാടനം നവംബര്‍ 16 മുതൽ
മണ്ഡല മകരവിളക്ക് തീര്‍ഥാടനം നവംബര്‍ 16 ന് ആരംഭിക്കും. 15 ന് വൈകുന്നേരം നട തുറക്കും. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലകാലം. മകരവിളക്ക് ഉല്‍സവത്തിനായി ഡിസംബര്‍ 30 ന് നട തുറക്കും. ജനുവരി 20 വരെയാണ് മകരളവിളക്ക് ഉത്സവം. മണ്ഡലപൂജ ഡിസംബര്‍ 26നും മകരവിളക്ക് ജനുവരി 14 നും നടക്കും.