വിജിലൻസ് ചോദ്യംചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാൻ: കെ. സുരേന്ദ്രൻ
Saturday, October 31, 2020 2:06 AM IST
തിരുവനന്തപുരം: സ്വപ്നയും സന്ദീപുമടക്കമുള്ള സ്വർണക്കടത്തു കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്തൊക്കെ പറയണമെന്നു സ്വപ്നയെ പഠിപ്പിക്കാൻ വേണ്ടിയാണു വിജിലൻസ് കസ്റ്റഡി ആവശ്യപ്പെടുന്നതെന്നും കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ലൈഫ് മിഷൻ അഴിമതിക്കായി കരാറുകാരൻ കൊടുത്തയച്ച അഞ്ച് ഫോണുകളിൽ ഒന്നു ലഭിച്ചതു ശിവശങ്കറിനാണെന്നത് ക്രമക്കേടിലെ സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മയക്കുമരുന്നു കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായതിനെ കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം അപഹാസ്യമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.