നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റണമെന്നു സർക്കാരും
Saturday, October 31, 2020 2:27 AM IST
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകര്‍ത്തിയ കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഇരയായ നടിയും സര്‍ക്കാരും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
ഇത്തരം ഹര്‍ജികളില്‍ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നിര്‍ബന്ധമായി നല്‍കേണ്ടതുണ്ടെന്നും നടിയുടെ ഹര്‍ജിയില്‍ ഇതു സമര്‍പ്പിച്ചിട്ടില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. രഹസ്യസ്വഭാവം കണക്കിലെടുത്ത് മുദ്രവച്ച കവറില്‍ സത്യവാങ്മൂലം നല്‍കാം.
നീതിയുക്തമായ വിചാരണ സാധ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണമെന്നുമാണ് സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കേസിലെ മുഖ്യസാക്ഷിയായ ഇരയെ വിസ്തരിക്കുമ്പോള്‍ 20 അഭിഭാഷകരാണ് വിചാരണക്കോടതിയില്‍ ഉണ്ടായിരുന്നത്. രഹസ്യവിചാരണയുടെ ലക്ഷ്യംതന്നെ ഇല്ലാതാക്കുന്ന ഈ നടപടി തടഞ്ഞില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.