കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
Sunday, November 1, 2020 12:55 AM IST
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ 132-ാം പ്ലോട്ടിൽ താമസിക്കുന്ന ബാബു-സിന്ധു ദമ്പതികളുടെ മകൻ ബബീഷ് (18 ) ആണ് മരിച്ചത്.
സഹോദരങ്ങൾ: ചിന്നു, ബിബിൻ, ബബിത. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. ബബീഷും രണ്ടു സുഹൃത്തുക്കളും വൈകുന്നേരം കടയിൽ പോയിരുന്നു. ഇതിനിടയിൽ മേഖലയിൽ കാട്ടാന ഇറങ്ങിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് എത്തിയ വനംവകുപ്പ് അധികൃതരാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ബിബീഷ് വീണുകിടക്കുന്നതായി കണ്ടെത്തുന്നത്. ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഒൻപത് പേരാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. വനം വകുപ്പിന്റെ നിഷ്ക്രിയത്വമാണ് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനവിളയാട്ടത്തിന് കാരണം.