അഞ്ചാമത്തെ ഐഫോൺ ആരുടെ കൈയിലെന്ന് അറിയാം: ചെന്നിത്തല
Sunday, November 1, 2020 12:55 AM IST
കോട്ടയം: ലൈഫ് മിഷനിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കമ്മീഷനായി നൽകിയ അഞ്ചാമത്തെ ഐഫോണ്‍ ആരുടെ കൈയിലാണെന്ന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തുന്നില്ല.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കള്ളക്കടത്ത് കേസിൽ അഞ്ചാം പ്രതിയുമായ ശിവശങ്കറിനെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 311 പ്രകാരം സർവീസിൽനിന്നു പുറത്താക്കണം. ഉദ്യോഗസ്ഥനെ ചാരിയല്ല മുഖ്യമന്ത്രിയെ തന്നെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കേരള ജനതയ്ക്കു വേണ്ടി യുദ്ധം നയിക്കുന്നത്. ഇത്രയേറെ വിവാദമായ ലഹരി മയക്കുമരുന്ന് കേസിൽ കോടിയേരിയുടെ മകനെതിരെ ചെറുവിരൽ അനക്കുവാൻ പോലും കേരള പോലീസ് തയാറാകുന്നില്ല. പാർട്ടി സെക്രട്ടറിയുടെ രണ്ടു മക്കൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ കണ്ടു കേരള പൊതു സമൂഹം നാണംകെട്ട് തലതാഴ്ത്തുകയാണെന്നുംചെന്നിത്തല പറഞ്ഞു.