എതിരാളികളെയും മാധ്യമങ്ങളെയും തകര്‍ക്കാൻ പോലീസിനെ രാകിമിനുക്കുന്നു: മുസ്ലിം ലീഗ്
Sunday, November 22, 2020 11:31 PM IST
കോഴിക്കോട്: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ പോലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമഭേദഗതി പിണറായി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളുടെ തുടര്‍ച്ചയും ഫാസിസ്റ്റ് മനോഭാവവുമാണ് പ്രകടമാക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
മാധ്യമങ്ങളെയും എതിരാളികളെയും തകര്‍ക്കാന്‍ പോലീസിനെ വിഷത്താല്‍ ഊട്ടുന്ന ആയുധമാക്കി രാകിമിനുക്കുകയാണ്. മാധ്യമങ്ങളുടെയും മാധ്യമ പ്രവര്ത്തകരുടേെയും രാഷ്ട്രീയ നേതാക്കളുടെയും വായടപ്പിക്കാന്‍ പോലീസിനെ കയറൂരി വിടുന്ന പുതിയ നിയമഭേദഗതി അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ ധ്വംസിക്കുന്നതാണ്. അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍ നിലവില്‍ രാജ്യ വ്യാപകമായി വ്യവസ്ഥാപിത നിയമം ഉണ്ടെന്നിരിക്കെ കേരള പോലീസിന് അമിതാധികാരം നല്‍കുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും മനസിലാകുമെന്നും മജീദ് കുറ്റപ്പെടുത്തി.