താഹയുടെ ശബ്ദം ഇത്തവണ താഹയ്ക്കു വേണ്ടി...
Monday, November 23, 2020 12:20 AM IST
കാഞ്ഞിരപ്പള്ളി: "ഡിസംബർ പത്തിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽനിന്നും ജനവിധി തേടുന്ന എം.എസ്. താഹയെ വിജയിപ്പിക്കണമെന്നു വിനീതമായി അഭ്യർഥിക്കുകയാണ്...’ താഹയെ വിജയിപ്പിക്കണമെന്ന ഈ വോട്ടഭ്യർഥന ഉച്ചഭാഷിണിയിലൂടെ നടത്തുന്നത് താഹതന്നെയാണ്.

കഴിഞ്ഞ 35 വർഷമായി നിരവധി സ്ഥാനാർഥികൾക്ക് ഉച്ചഭാഷിണിയിലൂടെ വോട്ട് അഭ്യർഥിച്ച് അനൗണ്സ്മെന്റ് നടത്തിയ എം.എസ്. താഹ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ വേഷമണിഞ്ഞാണു വോട്ടഭ്യർഥിക്കാൻ എത്തിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായാണ് താഹ മത്സരിക്കുന്നത്. 1986 മുതൽ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും രാഷ്ട്രീയ അനൗണ്സ്മെന്റ് നടത്തിവരികയാണ് താഹ. 1987ലും 1991ലും കെ.ജെ. തോമസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽനിന്നു മത്സരിക്കുന്പോൾ രണ്ടു തവണകളായി അഞ്ചു മാസക്കാലം അഭ്യർഥന നടത്തിയതാണ് ഏറ്റവും നീണ്ട അനൗണ്സ്മെന്റ് കാലം.
കോട്ടയത്ത് വൈക്കം വിശ്വനും ഒറ്റപ്പാലത്തു ശിവരാമനും എറണാകുളത്തു സെബാസ്റ്റ്യൻ പോളും ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന അവസരങ്ങളിലും ചൂടൻ അനൗണ്സ്മെന്റുകളുമായി താഹ ശ്രദ്ധ നേടി. പലർക്കായ് പറഞ്ഞതിനൊടുവിൽ ഇപ്പോൾ സ്വന്തം കാര്യവും പറയാൻ അവസരം ലഭിച്ച താഹ തനിക്ക് വോട്ട് ഉറപ്പിക്കുവാൻ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്.