ചിഹ്നം പൊറോട്ട വേണമെന്ന് സ്ഥാനാർഥികൾ
Tuesday, November 24, 2020 12:34 AM IST
കണ്ണൂർ: പൊറോട്ട തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിക്കണമെന്ന അഭ്യർഥനയുമായി സ്ഥാനാർഥികൾ. കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണം ഗ്രാമപഞ്ചായത്തിലാണ് ഈ ആവശ്യം. പ്രതികരണവേദിയുടെ പിന്തുണയോടെ നാല് വാർഡകളിൽ മത്സരിക്കുന്ന സ്വതന്ത്രരാണ് പൊറാട്ട ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് വരണാധികാരിയായ ജില്ലാകളക്ടർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കേരളീയരുടെ ഭക്ഷ്യ വസ്തുക്കളിൽ പ്രധാന വിഭവമായതിനാൽ അതിനുള്ള അംഗീകാരമായും തദ്ദേശസ്ഥാപനങ്ങളിൽ ആവശ്യങ്ങൾക്കായെത്തുന്ന സാധാരണക്കാരെ പൊറാട്ടയ്ക്ക് മാവ് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുകയും വലിച്ചുനീട്ടുകയും അടിച്ചുപരത്തുകയും ചുരുട്ടിക്കെട്ടുകയും ചെയ്യുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രതിനിധികളുടെ നിലപാടുകളിൽ പ്രതിഷേധിച്ചുമാണ് പൊറാട്ട ചിഹ്നം തെരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്ന് സ്ഥാനാർഥികളിൽ ഒരാളായ ടി.പി. മുഹമ്മദലി പറഞ്ഞു.
പ്രഥമം, ദ്വിതീയം, ത്രിതീയം എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങൾക്ക് അപേക്ഷ നൽകണമെന്നതിനാൽ പൊറാട്ട ലഭിക്കുന്നില്ലെങ്കിൽ ചപ്പാത്തി തരണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ചപ്പാത്തിയും കിട്ടുന്നില്ലെങ്കിൽ ദോശയെങ്കിലും വേണമെന്നാണ് ഇവർ തെരഞ്ഞെടുപ്പ് കമ്മീഷനോടും കളക്ടറോടും ആവശ്യപ്പെട്ടിരിക്കുന്നത്.