പ്രതിപക്ഷ നേതാവിനെ വിമർശിച്ച് തോമസ് ഐസക്
Tuesday, November 24, 2020 11:56 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ ആശങ്ക വന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു ഭ്രാന്ത് പിടിച്ചെന്നു മന്ത്രി തോമസ് ഐസക്. നാടിനെക്കുറിച്ച് അദ്ദേഹത്തിന് കാഴ്ചപ്പാടില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ സമീപനവും ഇതേ നിലയിലായിരുന്നു.
അതാണു ഹൈക്കോടതി തള്ളിയത്. സോഫ്റ്റ്വേറിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ചേർക്കുന്നതിന്റെ സാങ്കേതികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം 2019-20 ലെ ഓഡിറ്റ് ആരംഭിക്കാമെന്ന സർക്കാർ നിർദേശത്തെ, അഴിമതി മറച്ചുവയ്ക്കുന്നതിനുള്ള കുതന്ത്രമായിട്ടാണ് പ്രതിപക്ഷ നേതാവ് ചിത്രീകരിച്ചത്. സാധ്യമായ എല്ലാ രേഖകളും സഹിതം പല മാർഗത്തിൽ വസ്തുത ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും അദ്ദേഹം തൃപ്തനായില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
തനിക്കു വിദേശത്ത് നിക്ഷേപമുണ്ടെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആക്ഷേപം ഏതു കേന്ദ്ര ഏജൻസിയെ വച്ചും അന്വേഷിക്കാം.അപവാദം പറഞ്ഞുനടക്കുന്നത് സുരേന്ദ്രൻ ശീലമാക്കുകയാണ്. കേരളത്തിൽ ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ് മത്സരം. ചില ഭാഗങ്ങളിൽ മാത്രമൊതുങ്ങുന്ന ചെറിയ കളിക്കാരന്റെ പങ്കുമാത്രമാണ് ബിജെപിക്കുള്ളതെന്നും മന്ത്രി ഐസക് പറഞ്ഞു.