എല്ലാവരെയും ഉൾക്കൊള്ളുന്നത് ഭാരതീയ സംസ്കാരം: മാർ ക്ലീമിസ് കാതോലിക്ക ബാവ
Saturday, November 28, 2020 12:51 AM IST
പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭാരതത്തിന്റെ യഥാർഥ സംസ്കാരമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര കാത്തലിക് അസോസിയേഷൻ സഭാതല സമിതി സംഘടിപ്പിച്ച ഓണ്‍ലൈൻ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അവകാശങ്ങളെയും ആനുകൂല്യങ്ങളെയും പറ്റി അജ്ഞരായ ആളുകൾക്ക് അഭിഭാഷകർ ആശ്വാസമായി മാറണം. നീതി നിഷേധിക്കപ്പെടുന്നവരുടെ പക്ഷം ചേരുക എന്ന സവിശേഷമായ ദൗത്യം അഭിഭാഷകർ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എംസിഎ പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷത വഹിച്ചു. അൽമായ കമ്മീഷൻ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഫാ.ജോസഫ് വെണ്‍മാനത്ത്, എംസിഎ ആത്മീയ ഉപദേഷ്ടാവ് ഫാ.ജോണ്‍ അരീക്കൽ, ജനറൽ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര തുടങ്ങിയവർ പ്രസംഗിച്ചു.