കർഷക സമരം കണ്ടില്ലെന്നു നടിക്കുന്നത് തീക്കളി: ഉമ്മൻ ചാണ്ടി
Monday, November 30, 2020 1:16 AM IST
തിരുവനന്തപുരം: കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കർഷകർ ദിവസങ്ങളായി നടത്തുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടിക്കുന്ന മോദി ഭരണകൂടം തീക്കളിയാണ് നടത്തുന്നതെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ തന്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർക്കു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ കൂടി എത്തുന്നതോടെ ‘ഡൽഹി ചലോ മാർച്ച്’ കർഷകസാഗരമായി മാറും.
കർഷകരെ കേൾക്കാൻ മോദി ഭരണകൂടം തയാറാകുന്നില്ല. കർഷക രക്ഷയ്ക്കായാണ് കേന്ദ്രസർക്കാർ കാർഷിക നിയമം കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നു. അതു കർഷകർക്കു ബോധ്യപ്പെടേണ്ടേ? അല്ലെങ്കിൽ ചർച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.