മുഖ്യമന്ത്രിയുടെയും 16 മന്ത്രിമാരുടെയും വിദേശയാത്രാ വിവരങ്ങൾ പുറത്ത്
Monday, November 30, 2020 11:11 PM IST
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാർ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങൾ വിവരാവകാശ രേഖയായി പുറത്ത്. 16 മന്ത്രിമാർ വിദേശയാത്ര നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി 14 തവണയും ദേവസ്വം, സഹകരണ മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രൻ 13 തവണയും വിദേശയാത്ര നടത്തി. ഇതിൽ അഞ്ചു തവണ യുഎഇയിലേക്കായിരുന്നു. മന്ത്രി എ.കെ. ബാലൻ ആറും ഇ.പി. ജയരാജൻ ഏഴും കെ.ടി. ജലീൽ അഞ്ചും കെ.കെ. ശൈലജ ആറു പ്രാവശ്യവും വിദേശയാത്ര നടത്തി.
വിദേശയാത്രയ്ക്കു ചെലവായ തുകയും യാത്രയിൽനിന്നു സംസ്ഥാനത്തിനു ലഭിച്ച നേട്ടങ്ങളും എത്രയെന്ന ചോദ്യത്തിനു മറുപടിയില്ല.
കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിനു സംസ്ഥാന പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ വിവരാവകാശ രേഖയിലാണ് യാത്രാവിവരങ്ങൾ.
ജനങ്ങളുടെ പണം ധൂർത്തടിച്ച വിദേശയാത്രകൊണ്ട് ജനങ്ങൾക്ക് എന്തു പ്രയോജനമുണ്ടായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നു ഷാജി കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു.