പരീക്ഷ മാറ്റിവച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; എംജി സർവകലാശാല പരാതി നൽകി
Friday, December 4, 2020 12:04 AM IST
കോട്ടയം: മൂന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയതിനെതിരേ കോട്ടയം ജില്ലാ പോലീസ് ചീഫിനു പരാതി നൽകി. നവംബർ 26ലെ പരീക്ഷകൾ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് സർവകലാശാലയുടെ ഒൗദ്യോഗിക ഫേസ് ബുക്ക് പേജിൽ നവംബർ 25ന് നൽകിയ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് എഡിറ്റ് ചെയ്താണ് ഡിസംബർ രണ്ടിന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്.
പൊതുപരീക്ഷകൾ നടക്കുന്പോൾ പൊതുജനങ്ങളെയും വിദ്യാർഥികളെയും അധ്യാപകരെയും തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാറാണ് പരാതി നൽകിയത്.
സർവകലാശാലയുടെ എംബ്ലവും ഒൗദ്യോഗിക വെബ്സൈറ്റിന്റെ വിലാസവും ദുരുപയോഗം ചെയ്ത് ഫേസ്ബുക്കിൽ അനധികൃതമായി രൂപീകരിച്ചിട്ടുള്ള പേജുകൾ ബ്ലോക്ക് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല മുന്പ് പോലീസിന് പരാതി നൽകിയിരുന്നു.