സ്കൂൾ തുറക്കാത്തതിനാൽ ജോലിയിൽ പ്രവേശിപ്പിച്ചില്ല; നിയമന ശിപാർശ ലഭിച്ച 1632 ഉദ്യോഗാർഥികൾ സമരത്തിന്
Friday, December 4, 2020 12:04 AM IST
തിരുവനന്തപുരം: കോവിഡ് കാരണം സ്കൂൾ തുറക്കാത്തതിനാൽ പിഎസ്സി നിയമന ശിപാർശ ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിച്ചില്ല. ഇതിനെതിരേ നിയമന ശിപാർശ ലഭിച്ച 1632 പേർ ഒന്‍പതു മുതൽ സമരരംഗത്താ യിരിക്കും.
നിയമന ശിപാർശ ലഭിച്ചവരെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിയമനം നൽകുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും നിയമനം നൽകിയവരുടെ പേര് വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
2020 ജനുവരി മുതൽ പിഎസ്സി നിയമന ശിപാർശ കൈപ്പറ്റിയ എൽപി തലം മുതൽ ഹയർ സെക്കൻഡറി സ്കൂൾ തലം വരെയുള്ള 1600 ൽ പരം ഉദ്യോഗാർഥികളുണ്ട്.
ജനുവരിയിലും ഫെബ്രുവരിയിലും നിയമന ശിപാർശ ലഭിച്ചവരോട് കെഇആർ റൂൾ പ്രകാരം വെക്കേഷൻ കഴിഞ്ഞ് ജൂണ്‍ ഒന്നിന് നിയമിക്കും എന്നായിരുന്നു അറിയിച്ചത്. ഇതിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഫെബ്രുവരിയിൽ നിയമനം നൽകി.
സ്കൂൾ ഔദ്യോഗികമായി തുറക്കാത്തതിനാൽ വെക്കേഷൻ കഴിഞ്ഞതായി കണക്കാക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നതായി ഉദ്യോഗാർഥി കൂട്ടായ്മ പ്രതിനിധികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പത്രസമ്മേളനത്തിൽ ഉദ്യോ ഗാർഥി പ്രതിനിധികളായ പ്രതാപ് സിംഗ്, ലിജോ ജോസ് തുടങ്ങിയവർ പങ്കെടുത്തു.