തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകും: എം.എ.ബേബി
Saturday, December 5, 2020 1:37 AM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. വികസനവും അപവാദ വ്യവസായവും തമ്മിലുള്ള മത്സരമാണു നടക്കുന്നത്. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒത്തുകളിക്കുകയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ പോകുന്നതിൽ പാർട്ടിക്കോ സർക്കാരിനോ വേവലാതിയില്ല. അന്വേഷണം നടക്കട്ടേയെന്നു തന്നെയാണു പാർട്ടിയുടെ അഭിപ്രായം.
പോലീസ് നിയമഭേദഗതി പാർട്ടി പരിശോധിച്ചതാണ്. എന്നാൽ വിജ്ഞാപനം വന്നപ്പോൾ പല ഭാഗത്തു നിന്നും അഭിപ്രായങ്ങൾ ഉയർന്നുവന്നു. പിന്നീട് പാർട്ടി അതു വിശദമായി പരിശോധിച്ചുവെന്നും ബേബി പറഞ്ഞു.