യാക്കോബായ സഭയുടെ സമര പരിപാടികൾ ഇന്നു മുതല്‍
Sunday, December 6, 2020 12:01 AM IST
കൊച്ചി: സുപ്രീം കോടതി വിധിയുടെ മറവില്‍ തങ്ങളുടെ ദേവാലയങ്ങള്‍ കൈയേറുന്നതിൽ പ്രതിഷേധിച്ചും സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടും സമരപരിപാടികള്‍ ആരംഭിക്കുമെന്നു യാക്കോബായ സഭ. സഭയ്ക്കു നഷ്ടമായ 52 ദേവാലയങ്ങളിലും ഇന്നു സമരപ്പന്തൽ ഉയര്‍ത്തി പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തുമെന്നു സമരസമിതി ജനറല്‍ കണ്‍വീനര്‍ തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈദികരും വിശ്വാസികളും ഇന്നു റിലേ സത്യഗ്രഹവും ആരംഭിക്കും.
13ന് ഈ ദേവാലയങ്ങളിലേക്കു മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും മാര്‍ച്ച് നടത്തും. പ്രാര്‍ഥനയ്ക്കായി പള്ളികളില്‍ തിരിച്ചുകയറും. സെമിത്തേരികളില്‍ പ്രാര്‍ഥന നടത്തും. 15 മുതല്‍ മീനങ്ങാടി മുതല്‍ തിരുവനന്തപുരം വരെ അവകാശ സംരക്ഷണ യാത്രയും ജില്ലാ ഭരണകേന്ദ്രങ്ങളിലേക്കു പ്രതിഷേധ മാര്‍ച്ചും നടത്തും. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഭീമഹര്‍ജി നല്‍കും.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവുന്നില്ലെങ്കില്‍ ജനുവരി ഒന്നു മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.