സമയത്തിൽ റിക്കാർഡ് കുറിച്ച് ധനമന്ത്രി
Saturday, January 16, 2021 1:54 AM IST
തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപന സമയത്തിൽ റിക്കാർഡ് കുറിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. ഇന്നലത്തെ തോമസ് ഐസക്കിന്റെ 12-ാമത്തെ ബജറ്റ് അവതരണം മൂന്നു മണിക്കൂർ 18 മിനിറ്റ് നീണ്ടപ്പോൾ പിറന്നതു ചരിത്രം. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സമയം ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി.
2013 ൽ കെ.എം. മാണിയുടെ ബജറ്റ് പ്രസംഗമായിരുന്നു നിലവിലെ റിക്കാർഡ്. അന്ന് 2.58 മണിക്കൂറായിരുന്നു സമയമെടുത്തത്. ഇതാണ് തോമസ് ഐസക് ഭേദിച്ചത്.
രാവിലെ ഒൻപതിനു തുടങ്ങിയ ബജറ്റ് അവതരണം 12 പിന്നിട്ടപ്പോൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമയബോധം മന്ത്രിയെ ധരിപ്പിച്ചു. വെള്ളിയാഴ്ച പള്ളിയിൽ പോകേണ്ട അംഗങ്ങളുള്ള സാഹചര്യത്തിൽ 12.30ന് അവസാനിപ്പിക്കണമെന്നായിരുന്നു സ്പീക്കർ ധരിപ്പിച്ചത്. വാണിംഗ് ഒന്നിലേറെ തവണയായപ്പോൾ, 10 മിനിറ്റിനുള്ളിൽ അവസാനിപ്പിക്കാമെന്നു മന്ത്രി മറുപടി നൽകി. ബജറ്റിലെ ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കിയാണ് പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഭാഗങ്ങൾ 3.18 മണിക്കൂർകൊണ്ടു ധനമന്ത്രി പൂർത്തിയാക്കിയത്.
ഇതിനു ശേഷം കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, കെ.സി. ജോസഫ് അടക്കം ചട്ടലംഘനം ചൂണ്ടിക്കാട്ടി. ബജറ്റ് ദിനത്തിൽ മറ്റ് അജൻഡകൾ സഭയുടെ മുന്നിൽ വരില്ലെന്ന വാദമാണു പ്രതിപക്ഷം ഉയർത്തിയത്.