സിഎജി നടപടിക്രമങ്ങൾ പാലിച്ചില്ല: ധനമന്ത്രി
Tuesday, January 19, 2021 12:08 AM IST
തിരുവനന്തപുരം: 2018-19 സാന്പത്തിക വർഷത്തെ സിഎജി റിപ്പോർട്ട് തയാറാക്കിയത്, ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നതിനായി സിഎജി വ്യവസ്ഥ ചെയ്തിട്ടുള്ള നടപടിക്രമങ്ങളെ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
2007-ലെ റെഗുലേഷൻസ് ഓണ്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സിന് കീഴിലുള്ള 26-ാം റെഗുലേഷൻ വ്യവസ്ഥ പ്രകാരം സിഎജി റിപ്പോർട്ടിൽ ഏതെങ്കിലും കാര്യം ഉൾപ്പെടുത്തുന്നതിന് മുൻപായി സർക്കാരിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും വിശദീകരണവും നൽകുന്നതിനുള്ള മതിയായ അവസരം നൽകേണ്ടതാണ്. സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ കരട് ഓഡിറ്റ് റിപ്പോർട്ട് പരിഷ്കരിക്കുകയോ സർക്കാരിന്റെ മറുപടി നിരസിക്കുകയോ ചെയ്യാം. സർക്കാരിനെ അറിയിച്ചിട്ടില്ലാതെ ഏതെങ്കിലും അഭിപ്രായമോ നിരീക്ഷണമോ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിനും വ്യവസ്ഥയില്ല.
ഈ നിബന്ധനകൾ പാലിക്കാതെയാണ് 2018-19 വർഷത്തെ സിഎജി റിപ്പോർട്ട് തയാറാക്കിയതെന്നും ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ച വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.