നവസുവിശേഷവത്കരണത്തില്‍ ഫാ. നായ്ക്കംപറമ്പിലിന്റെ സേവനം അതുല്യം: വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹം
Tuesday, January 19, 2021 12:44 AM IST
കൊച്ചി: നാലു പതിറ്റാണ്ടിലേറെയായി ആഗോളസഭയിലെ നവസുവിശേഷവത്കരണ രംഗത്തു ഫാ. മാത്യു നായ്ക്കംപറമ്പില്‍ നല്‍കിയത് അതുല്യമായ സേവനങ്ങളെന്നു വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹം.
ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലുമായി ഫാ. മാത്യു നായ്ക്കംപറമ്പിലിനെ സംബന്ധിച്ചു നടക്കുന്ന അഭിപ്രായപ്രകടനങ്ങളെയും ചര്‍ച്ചകളെയും അദ്ദേഹം അംഗമായിരിക്കുന്ന വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹം ജാഗ്രതയോടെയും വേദനയോടെയും വീക്ഷിച്ചുവരികയാണെന്നു സഭയുടെ പിആര്‍ഒ ഫാ. ആന്റണി ചക്കുങ്കല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
സിസ്റ്റര്‍ അഭയയുടെ നിര്‍ഭാഗ്യകരമായ മരണത്തെയും ജീവിതത്തെയും കുറിച്ച് അവധാനതക്കുറവോടെ പ്രാര്‍ഥനാ ശുശ്രൂഷയ്ക്കിടയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചു സഭാധികാരികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, വയോധികനായ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോടു മാപ്പു പറഞ്ഞിരുന്നു. അദ്ദേഹത്തോടെപ്പം വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹവും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ സേവനങ്ങളെയും വിശ്വസ്തമായ സമര്‍പ്പണത്തെയും ഈ അവസരം മുതലെടുത്തു തള്ളിപ്പറയുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ക്കു നിഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അനുസരണയോടെ തന്റെ തെറ്റിനു പരസ്യമായി മാപ്പുപറയുകയും വേദനയോടെ ഞങ്ങള്‍ക്കിടയില്‍ പ്രാര്ഥനയിലായിരിക്കുകയും ചെയ്യുന്ന ഫാ. മാത്യുവിന്റെ അനുതാപത്തിന് ഞങ്ങള്‍ നേര്‍സാക്ഷികളാണ്. സുവിശേഷവത്കരണ, ആത്മീയ നവീകരണ രംഗത്ത് അദ്ദേഹം കാലങ്ങളായി നല്കിയ നേതൃശുശ്രൂഷയെ നന്ദിയോടെ സ്മരിക്കുന്നു. തുടര്‍ന്നും ഏവരുടെയും സഹകരണമുണ്ടാകണമെന്നും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.