റിപ്പബ്ളിക് ദിനാഘോഷങ്ങൾ; കൊച്ചി വിമാനത്താവളത്തിൽ കനത്ത സുരക്ഷ
Friday, January 22, 2021 1:44 AM IST
നെടുമ്പാശേരി: റിപ്പബ്ളിക് ദിനം മുൻനിർത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കി. വിമാനത്താവളവും അനുബന്ധ റോഡുകളും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്. വിമാനത്താവളത്തിലേക്കു വരുന്ന എല്ലാ വാഹനങ്ങളും പരിശോധനാ വിധേയമാക്കുവാൻ നിർദേശമുണ്ട്.
ഇവിടെ വന്നുപോകുന്ന എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് എല്ലാ സുരക്ഷ ഭടൻമാർക്കും പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന് സിഐഎസ്എഫ് സീനിയർ കമാണ്ടന്റ് എച്ച്. പാണ്ഡെ പറഞ്ഞു. ദ്രുതകർമ സേന, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, രഹസ്യ അന്വോഷണ വിഭാഗം എന്നിവയെല്ലാം 24 മണിക്കൂറും ജാഗ്രതയിലായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടികൾ.