മരിക്കുവോളം മത്സരിക്കുന്നത് യുഡിഎഫ് രീതി: വിജയരാഘവൻ
Monday, January 25, 2021 1:48 AM IST
തൃശൂർ: മരിക്കുവോളം മത്സരിക്കുകയെന്നതാണു യുഡിഎഫിലെ രീതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഒരാൾ ഒരു തവണ ജയിച്ചാൽ പിന്നെ തുടർച്ചയായി മത്സരിക്കും. കാൽനൂറ്റാണ്ട്, അരനൂറ്റാണ്ട് അതാണു സ്ഥിതി. പിന്നീട് മക്കളെയും ഇറക്കി പിന്തുടർച്ചയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആശാസ്യമായ രീതിയല്ല. തൃശൂരിൽ ഗൃഹസന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു വിജയരാഘവൻ. മതാത്മകമായ രാഷ്ട്രീയം പ്രയോജനപ്പെടുത്തി ലാഭമുണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നു. മുസ്ലിം ലീഗിന്റെ അധികാരമോഹത്തിനു കീഴടങ്ങി കോണ്ഗ്രസ് ദുർബലമായി.
പാർട്ടി ഓഫീസിന്റെയും ഭരണ നിർവഹണ സംവിധാനത്തിന്റെയും നാലുചുവരുകൾക്കപ്പുറം കൂടുതൽ ജനവിഭാഗങ്ങളുടെ അഭിപ്രായം കേൾക്കണം. അതിനാണ് സിപിഎം ഗൃഹസന്ദർശനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.