ഒരു സീറ്റ് വേണമെന്ന് യുവജനതാദൾ-എസ്
Tuesday, January 26, 2021 1:17 AM IST
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പേ ജനതാദള്‍- എസ് ആശങ്കയില്‍. ജെഡിഎസിന്റെ യുവജന പ്രസ്ഥാനമായ യുവജനതാദള്‍- എസ് സീറ്റ് ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായത്.
മുന്നണിയിലെ സിപിഎം യുവാക്കള്‍ക്ക് നല്കുന്ന പ്രാതിനിധ്യം മുന്നില്‍ കണ്ടുകൊണ്ട് ഒരുസീറ്റില്‍ പരിഗണന നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വം മുമ്പാകെ യുവജനതാദള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടി തീരുമാനിക്കുന്ന ഏതു മണ്ഡലമായാലും അവിടെ മത്സരിക്കാന്‍ തയാറാണെന്നും നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ കഴിഞ്ഞ തവണ മത്സരിച്ച വടകര, ചിറ്റൂര്‍, തിരുവല്ല, അങ്കമാലി, കോവളം സീറ്റുകളാണ് ജെഡിഎസ് ഇത്തവണയും ആവശ്യപ്പെടുന്നത്. എന്നാല്‍ എല്‍ജെഡിയും ഐഎന്‍എലും കേരളകോണ്‍ഗ്രസ് എമ്മും മുന്നണിയില്‍ പുതുതായി എത്തിയ സാഹചര്യത്തില്‍ അഞ്ച് സീറ്റ് ലഭിക്കാനുള്ള സാധ്യതയില്ല. അതേസമയം മുതിര്‍ന്ന നേതാക്കളാണ് ഇത്തവണയും മത്സരിക്കാനൊരുങ്ങുന്നത്. മാത്യു ടി. തോമസും കെ.കൃഷ്ണന്‍കുട്ടിയും വീണ്ടും മത്സരിക്കുമെന്നുറപ്പാണ്. മാത്യു ടി. തോമസ് തിരുവല്ലയിലും കെ.കൃഷ്ണന്‍കുട്ടി ചിറ്റൂരിലും തന്നെയാണ് മത്സരിക്കുന്നത്. അങ്കമാലിയില്‍ നേരത്തെ രണ്ടു തവണ വിജയിച്ച ജോസ് തെറ്റയിലും രംഗത്തുണ്ട്.
വടകരയില്‍ നിന്ന് വിജയിച്ച സി.കെ.നാണു ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് വിവരം. ഇവിടെ ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ.ലോഹ്യയേയും കോവളത്ത് നീലലോഹിതദാസ് നാടാരെയുമാണ് പരിഗണിക്കുന്നത്. എന്നാല്‍ അഞ്ചു സീറ്റ് അനുവദിക്കാത്ത പക്ഷം ഏതെല്ലാം സീറ്റില്‍ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുമെന്നതിലും പാര്‍ട്ടിക്ക് ആശങ്കയുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് യുവജനതാദള്‍-എസ് കൂടി സീറ്റ് ആവശ്യവുമായെത്തിയത്.