സംസ്ഥാനത്തിനു വീണ്ടും തിരിച്ചടി; അമേരിക്കൻ കന്പനിക്കു വിശ്വാസ്യതയില്ലെന്ന് അറിയിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി മുരളീധരൻ
Wednesday, February 24, 2021 12:58 AM IST
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദച്ചുഴിയിൽപ്പെട്ടുഴലുന്ന സംസ്ഥാന സർക്കാരിനു കനത്ത തിരിച്ചടിയായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ വെളിപ്പെടുത്തൽ. ആഴക്കടൽ മത്സ്യബന്ധനത്തിനായി ധാരണാപത്രം ഒപ്പുവച്ച അമേരിക്കൻ കന്പനിയായ ഇഎംസിസിക്കു വിശ്വാസ്യതയില്ലെന്നു കേന്ദ്രസർക്കാർ, സംസ്ഥാനത്തെ രേഖാമൂലം അറിയിച്ചിരുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.
ഇഎംസിസി വിശ്വാസ്യതയില്ലാത്ത കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് മറച്ചുവച്ചാണ് നാലുമാസം കഴിഞ്ഞു കരാർ ഒപ്പിട്ടത്. അമേരിക്കൻ കന്പനിയെക്കുറിച്ചു വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് 2019 ഒക്ടോബർ മൂന്നിനു പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ഇഎംസിസി ഗ്ലോബൽ കണ്‍സോർഷ്യം എന്ന സ്ഥാപനം കണ്ടെത്താൻ ശ്രമിച്ചു. കത്തിടപാട് നടത്തി. എന്നാൽ മറുപടി കിട്ടിയില്ല. താത്കാലിക വാടകക്കെട്ടിടത്തിൽ വെർച്വർ വിലാസത്തിലുള്ള സ്ഥാപനം മാത്രമാണെന്നാണു കണ്ടെത്തിയത്. ഇക്കാര്യം ഒക്ടോബർ 21-ന് സംസ്ഥാനത്തിനെ ഇ-മെയിൽ വഴി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യം സംസ്ഥാന സർക്കാർ മിണ്ടിയില്ല. ഈ മറുപടി ലഭിച്ചശേഷമാണ് 2020 ഫെബ്രുവരിയിൽ ആഗോള നിക്ഷേപക സംഗമമായ അസന്റിൽ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. രജിസ്ട്രേഷൻ മാത്രമുള്ള വ്യാജ സ്ഥാപനം മാത്രമാണെന്ന് അറിയാമായിരുന്നിട്ടും അക്കാര്യം മറച്ചുവച്ച് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ് സർക്കാർ ചെയ്തത്. ആസൂത്രിതമായ ഉന്നതതല വെട്ടിപ്പാണ് നടന്നതെന്നു എൻഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലും അതിനു ശേഷം നടന്ന പത്രസമ്മേളത്തിലും അദ്ദേഹം ആരോപിച്ചു.