ഒഴിവുകളുടെ കണക്കുകൾ ശേഖരിച്ച് സർക്കാർ; മന്ത്രിസഭ ഇന്നു ചർച്ച ചെയ്യും
Wednesday, February 24, 2021 12:58 AM IST
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം ഏതു വിധേനയും ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം അവസാനം വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ ശേഖരിച്ചു സർക്കാർ.
ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ചു ചർച്ച ചെയ്യുമെന്നാണു സൂചന. ഈ വർഷം വിവിധ വകുപ്പുകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ എത്രത്തോളം പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നതിന്റെ കണക്കു ശേഖരിക്കാനാണു നിർദേശം.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എല്ലാ വകുപ്പു മേധാവികൾക്കും ഇതു സംബന്ധിച്ച കത്ത് അയച്ചു വിവരം ശേഖരിച്ചത്.
വിവിധ സർക്കാർ വകുപ്പുകളിൽ 2021ൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യണമെന്നു കഴിഞ്ഞ സെപ്റ്റംബറിൽ എല്ലാ വകുപ്പു മേധാവികൾക്കും സർക്കാർ നിർദേശം നൽകിയിരുന്നു. ഇത് എത്ര പേർ പാലിച്ചുവെന്നും എത്ര ഒഴിവു റിപ്പോർട്ട് ചെയ്തുവെന്നും അറിയുകയാണ് ഇപ്പോഴത്തെ കത്തിന്റെ ഉദ്ദേശ്യം.ഇന്നലെത്തന്നെ വകുപ്പു മേധാവികൾ തങ്ങളുടെ വകുപ്പിൽ നിന്നു റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കണക്ക് സമർപ്പിച്ചിട്ടുണ്ട്.