സ്പോർട്സ് കേരള ലിമിറ്റഡ് കന്പനി രൂപീകരിച്ചു
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് സ്പോർട്സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കന്പനി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കായിക യുവജനകാര്യ വകുപ്പിനു കീഴിലായിരിക്കും കന്പനി.
ഉൾനാടൻ ജലപാത വികസനത്തിൻറെ ഭാഗമായി കാസർഗോഡ് ജില്ലയിലെ നീലേശ്വരം നദിക്കും ചിത്താരി നദിക്കുമിടയിൽ കൃത്രിമ കനാൽ നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 186 കോടി രൂപയുടെ ധനസഹായത്തിന് തത്വത്തിൽ അംഗീകാരം നല്കി.
മലബാർ കാൻസർ സെന്ററിലെ അക്കാദമിക് ജീവനക്കാരുടെ വിരമിക്കൽ പ്രായം റീജിയണൽ കാൻസർ സെന്ററിലേതിനു സമാനമായി പ്രഫസർ തസ്തികയ്ക്ക് 65 വയസും മറ്റ് നാല് അക്കാദമിക് സ്റ്റാഫ് തസ്തികകൾക്ക് 62 വയസും നോണ്‍ അക്കാദമിക് ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസുമായി നിജപ്പെടുത്താൻ തീരുമാനിച്ചു.