കടലിന്റെ മക്കൾക്കൊപ്പം രാഹുൽ...
Thursday, February 25, 2021 2:14 AM IST
കൊല്ലം: മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ യാത്ര ചെയ്ത് രാഹുൽഗാന്ധി എംപി. അവർക്കൊപ്പം വലവലിച്ചും വലയെറിഞ്ഞും വെള്ളത്തിൽ ചാടിയും പിന്നീട് മത്സ്യവിഭവം ഉൾപ്പെടുത്തിയ ഭക്ഷണം കഴിച്ചുമാണ് രാഹുൽ കൊല്ലത്തുനിന്നു മടങ്ങിയത്.
കഴിഞ്ഞദിവസം രാത്രി കൊല്ലത്തെ ബീച്ച് ഹോട്ടലിൽ എത്തിയപ്പോഴും ഇങ്ങനെയൊരു യാത്രയെക്കുറിച്ച് ഒപ്പമുള്ളവർ പോലും കൃത്യമായി അറിഞ്ഞിരുന്നില്ല. മത്സ്യത്തൊഴിലാളികളുമായുള്ള സംവാദം മാത്രമായിരുന്നു നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന പരിപാടി. ഇന്നലെ പുലർച്ചെ നാലോടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി അദ്ദേഹം വാടി കടപ്പുറത്ത് എത്തിയത്. തുടർന്നായിരുന്നു മത്സ്യബന്ധന തൊഴിലാളികളുമായുള്ള ബോട്ടുയാത്ര. ബിജു ലോറൻസിന്റെ ഉടമസ്ഥതയിലുള്ള പൂണ്ടിമാതാ എന്ന ബോട്ടിലായിരുന്നു യാത്ര.
രാഹുലിന്റെ യാത്രയ്ക്കായി തയാറായി നിൽക്കാൻ ബിജു ലോറൻസിനും മറ്റ് തൊഴിലാളികൾക്കും നേരത്തേ തന്നെ നിർദേശം ലഭിച്ചിരുന്നു. 21 തൊഴിലാളികളും ഏതാനും കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ബോട്ടിൽ ഒപ്പമുണ്ടായിരുന്നു. രണ്ടര മണിക്കൂറായിരുന്നു യാത്ര.
മത്സ്യത്തൊഴിലാളികളുടെ യാതനകളും ബുദ്ധിമുട്ടുകളും നേരിട്ട് അറിയുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ബോട്ടിൽ കയറിയ അദ്ദേഹം തൊഴിലാളികൾ ചെയ്യുന്ന എല്ലാ ജോലികളും അതുപോലെ ചെയ്തുനോക്കി. പണിയെടുത്തു എന്നുമാത്രമല്ല വലയിടുകയും വെള്ളത്തിൽ ചാടി നീന്തുകയും ചെയ്തുവെന്ന് തൊഴിലാളികൾ പറഞ്ഞു. മീനെടുക്കാനായി ഒരു തൊഴിലാളി വെള്ളത്തിൽ ചാടിയപ്പോൾ ടീഷർട്ട് ഊരി രാഹുലും ഒപ്പം ചാടുകയായിരുന്നു. വലയിൽ കാര്യമായി ഒന്നും കിട്ടാത്തതിലുള്ള വിഷമവും രാഹുൽ പങ്കുവച്ചു.
കടലിന്റെ മക്കളുടെ പ്രശ്നങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്ന ആശ്വാസത്തോടെയാണ് രാഹുൽ തിരികെ തീരത്തണഞ്ഞത്. തൊഴിലാളികൾക്കാകട്ടെ മറക്കാനാകാത്ത അനുഭവവും.മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നുവെന്നും ഒപ്പം ചേർന്നപ്പോൾ അവരുടെ കഷ്ടപ്പാടുകൾ നേരിട്ടറിയാൻ കഴിഞ്ഞെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും പിന്നീട് രാഹുൽ വ്യക്തമാക്കി.
എസ്.ആർ. സുധീർകുമാർ