കേരളത്തിലെ പദ്ധതികൾക്ക് പുനരവലോകനം ആവശ്യം: ഡോ.മൻമോഹൻ സിംഗ്
Wednesday, March 3, 2021 1:08 AM IST
തിരുവനന്തപുരം: കേരളം ഭാവിയിൽ അതീവ ശ്രദ്ധകേന്ദ്രീകരിക്കേണ്ട നിരവധി മേഖലകളുണ്ടെന്നു മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്. ഇതിനായി ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും പുനർവിചിന്തനവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡലവപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മിറ്റ് വെർച്വലായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് മറികടക്കേണ്ട നിരവധി തടസങ്ങളുണ്ട്. തുടർച്ചയായ വർഷങ്ങളിലുണ്ടായ ആഗോള മാന്ദ്യത്തെ പകർച്ചവ്യാധിയുടെ കടന്നുവരവോടെ അതിരൂക്ഷമാക്കി. ഡിജിറ്റൽ രീതികളുടെ വർധിച്ച ഉപയോഗം വിവര സാങ്കേതിക മേഖലയെ മുന്നോട്ട് നയിച്ചേക്കാമെങ്കിലും ടൂറിസം മേഖലയെ ബാധിക്കും. പകർച്ചവ്യാധി എത്രത്തോളം രൂക്ഷമാകുന്നുവോ അത്രത്തോളം തന്നെ ടൂറിസം മേഖലയിലെ വെല്ലുവിളികളും വർധിക്കാനാണ് സാധ്യത.
കേരളത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും പബ്ലിക് ഫണ്ടിംഗ് താറുമാറാണ്. ഇതുമൂലം സംസ്ഥാനങ്ങൾക്ക് അമിതമായ വായ്പയെടുക്കേണ്ടിവരുന്നു. ഇത് ഭാവിൽ സംസ്ഥാന ബജറ്റുകൾക്ക് അമിതഭാരം നൽകും.
കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്വീകരിക്കുന്ന താത്കാലിക നടപടികൾ കൊണ്ടൊന്നും സങ്കീർണമായിക്കൊണ്ടിരിക്കുന്ന വായ്പ പ്രതിസന്ധി ചെറുകിട ഇടത്തരം മേഖലകളെ ബാധിക്കുന്നതിൽ നിന്നും തടഞ്ഞു നിർത്താൻ കഴിയില്ല. 2016 -ലെ വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധനമുണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വർധിക്കുകയും അസംഘടിത മേഖല തകരാറിലാകുകയും ചെയ്തു.
ഫെഡറൽ സംവിധാനവും സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയങ്ങളുമായിരുന്നു ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ സാന്പത്തിക, രാഷ്ട്രീയ തത്ത്വചിന്തകളുടെ അടിസ്ഥാനശില. എന്നാൽ നിലവിലെ സർക്കാർ ഇതിന് അനുകൂലമല്ലെന്നും ആ ശൈലി ഇന്ത്യൻ ജനാധിപത്യത്തിന് ഭൂഷണമ ല്ലെന്നും മൻമോഹൻ സിംഗ് അഭിപ്രായപ്പെട്ടു.