ഫ്രാങ്കോ ലൂയിസിനു ദയ മീഡിയ ഫെലോഷിപ്പ്
Wednesday, March 3, 2021 1:46 AM IST
തൃശൂർ: ദയ ജനറൽ ഹോസ്പിറ്റൽ ആൻഡ് സ്പെഷാലിറ്റി സർജിക്കൽ സെന്റർ ഏർപ്പെടുത്തിയ ഒന്നേകാൽ ലക്ഷം രൂപയുടെ മീഡിയ ഫെലോഷിപ്പ് ദീപിക തൃശൂർ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയിസ് അധ്യക്ഷനായുള്ള മീഡിയ പാനലിന്.
ദേശാഭിമാനി മുൻ ചീഫ് റിപ്പോർട്ടർ വി.എം. രാധാകൃഷ്ണൻ, മംഗളം സീനിയർ റിപ്പോർട്ടർ കെ. കൃഷ്ണകുമാർ, കേരള കൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ എന്നിവരാണു ഫെലോഷിപ്പ് നേടിയ മാധ്യമ പാനലിലെ മറ്റംഗങ്ങൾ. പൊതുജനാരോഗ്യം അടക്കമുള്ള മേഖലകളിൽ നൽകിയ സംഭാവനകൾകൂടി പരിഗണിച്ചാണ് ഫെലോഷിപ്പിനായി ഇവരെ തെരഞ്ഞെടുത്തതെന്നു ദയ ജനറൽ ഹോസ്പിറ്റൽ ആൻഡ് സ്പെഷാലിറ്റി സർജിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. വി.കെ. അബ്ദുൾ അസീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫ്രാങ്കോ ലൂയിസിനു മാധ്യമ രംഗത്തു 35 വർഷത്തെ പരിചയമുണ്ട്. മികച്ച പത്ര രൂപകല്പനയ്ക്കുള്ള സ്വദേശാഭിമാനി അവാർഡ്, മികച്ച ലേഖന പരന്പരയ്ക്കുള്ള യുണിസെഫ് അവാർഡ് എന്നിവയടക്കം ഏഴ് മാധ്യമ അവാർഡുകൾ നേടിയിട്ടുണ്ട്. തൃശൂർ അതിരൂപതയുടെ മീഡിയ കമ്മീഷൻ അംഗമാണ്.
തൃശൂർ കൊട്ടേക്കാട് നീലങ്കാവിൽ പരേതരായ ലൂയിസ്- മേരി ദന്പതികളുടെ മകനാണ്. ഭാര്യ: പുന്നംപറന്പ് നീലങ്കാവിൽ ഒൗസേഫ്- തങ്കമ്മ ദന്പതികളുടെ മകൾ ഷാജി (വാഹെ, പോട്ടോർ). മക്കൾ: എൻജിനിയർമാരായ മനു (സൗത്ത് ഇന്ത്യൻ ബാങ്ക്, ചെങ്ങന്നൂർ), സുനു (ന്യൂ ഇന്ത്യ അഷ്വറൻസ്, വളാഞ്ചേരി).