കിഫ്ബി: പേടിച്ച് പിന്മാറില്ലെന്നു തോമസ് ഐസക്
Thursday, March 4, 2021 1:53 AM IST
തിരുവനന്തപുരം: സംസ്ഥാനവുമായി ഏറ്റുമുട്ടലിനാണു കേന്ദ്രമെങ്കിൽ പേടിച്ചുപിന്മാറില്ലെന്നു ധനകാര്യമന്ത്രി തോമസ് ഐസക്. കേസരി ജേർണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കേന്ദ്ര ഏജൻസിയായ ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണു കേന്ദ്ര സർക്കാർ. കിഫ്ബിക്കെതിരേ ഇഡി കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ്. കിഫ്ബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മനോവീര്യം തകർക്കാനാണ് ശ്രമം.
ഇഡി സംസ്ഥാന തലവൻ മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണ്. കേരളത്തിന്റെ വികസനം അട്ടിമറിക്കാനാണു നീക്കം.കേന്ദ്ര സർക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാൻ കഴിയുകയുള്ളുവെന്ന സിഎജി കണ്ടെത്തൽ വെറും വിഡ്ഢിത്തമാണ്. റിസർവ് ബാങ്കിന്റെ അനുമതി ഉണ്ടെങ്കിൽ ഇന്ത്യയിലെ ഏതു സ്ഥാപനത്തിനും വായ്പ എടുക്കാം.
ഈ മാർഗനിർദേശ പ്രകാരം കിഫ്ബി, ബാങ്കുകൾ വഴി ആർബിഐയിൽ അനുമതിക്കായി അപേക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അനുമതി ലഭിക്കുകയും ചെയ്തതാണെന്നു മന്ത്രി പറഞ്ഞു.