ബാലുശേരിയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് ഓഫീസിനു തീയിട്ടു
Saturday, April 10, 2021 1:22 AM IST
കോഴിക്കോട്: പാനൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ബാലുശേരിയിലും സംഘര്‍ഷം. ഇന്നലെ പുലര്‍ച്ചെ കോണ്‍ഗ്രസ് ഓഫീസിനു നേരേയും മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരേയും ആക്രമണമുണ്ടായി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്ത് കൂടുതല്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ പുലര്‍ച്ചെ 2.30നാണ് എകരൂരിലെ ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ പ്രിയദര്‍ശിനി ഭവനു തീവച്ചത്. ഷട്ടര്‍ കുത്തിത്തുറന്ന് അക്രമികള്‍ ഉള്ളില്‍ കയറി പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നു.
ഓഫീസ് പൂര്‍ണമായും കത്തിനശിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നാലെ ഉപ്പുംപെട്ടി മുസ്ലിം ലീഗ് പ്രവര്ത്തകന് ലത്തീഫിന്റെ വീടിനു നേരേയും ആക്രമണമുണ്ടായി. കല്ലേറിൽ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വീട്ടിലുണ്ടായ കാറും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ യുഡിഎഫ് -സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോലീസുകാരും പ്രവര്‍ത്തകരുമുള്‍പ്പെടെ മുപ്പതോളം പേര്‍ക്കു പരിക്കേറ്റിരുന്നു.
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എകരൂരില്നിന്ന് കരുമലയിലേക്കു നടത്തിയ പ്രകടനത്തിനു നേരേയാണ് ആക്രമണമുണ്ടായത്. പ്രകടനത്തിനു നേരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളുമെറിയുകയായിരുന്നു. കല്ലേറുണ്ടായതോടെ യുഡിഎഫ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ഇടപെട്ടാണു സംഘര്‍ഷത്തിന് അയവു വരുത്തിയത്.
അതേസമയം, തെരഞ്ഞെടുപ്പു പ്രവര്‍ത്തനം വിലയിരുത്താന്‍ എല്‍ഡിഎഫ് വിളിച്ചുചേര്‍ത്ത യോഗത്തിലേക്കു വടിയും മാരകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായും നേതാക്കള്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് ആക്രമിക്കാനിടയുണ്ടെന്ന് പോലീസിനെ അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എം.കെ. രാഘവന് എംപി ഉള്‍പ്പെടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.