പുതുഞായർ തിരുനാൾ ഇന്ന്; മലയാറ്റൂരിലേക്ക് വിശ്വാസികൾ
Sunday, April 11, 2021 2:16 AM IST
മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർത്തോമാശ്ലീഹായുടെ പുതുഞായർ തിരുനാൾ ഇന്നു നടക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തിരുനാളാഘോഷം. പ്രധാനദിനമായ ഇന്നു വിശ്വാസികളുടെ വൻ തിരക്ക് പ്രതീക്ഷിക്കുന്നു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ മാത്രമേ കുരിശുമുടി കയറാൻ അനുവാദമുള്ളൂ.
അത്ഭുതനീരുറവയിൽനിന്നു വെള്ളം കോരി എടുക്കുന്നതിന് അനുവാദമുണ്ടായിരിക്കില്ല. തീർഥാടകർ രജിസ്ട്രേഷൻ കൗണ്ടറിൽ പേരുകൾ രജിസ്റ്റർ ചെയ്ത് മാസ്ക് ധരിച്ച്, അകലം പാലിച്ച്, സാനിറ്റൈസർ ഉപയോഗിച്ചുവേണം മലകയറേണ്ടതെന്നു വികാരി ഫാ. വർഗീസ് മണവാളൻ അറിയിച്ചു.
സെന്റ് തോമസ് പള്ളിയിൽ ഇന്നലെ വൈകുന്നേരം അങ്ങാടി പ്രദക്ഷിണം നടന്നു. കുരിശുമുടിയിൽ ഇന്നു രാവിലെ 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻപണമിറക്കൽ എന്നിവ നടക്കും. സെന്റ് തോമസ് പള്ളിയിൽ രാവിലെ 5.30നും ഏഴിനും കുർബാന, 9.30 ന് ആഘോഷമായ പാട്ടുകുർബാന -ഫാ. പോൾസണ്‍ പെരേപ്പാടൻ, വചനസന്ദേശം -ഫാ. വർഗീസ് പൊട്ടയ്ക്കൽ. വൈകുന്നേരം അഞ്ചിന് പൊൻപണം എത്തിച്ചേരൽ, ആറിന് ആഘോഷമായ കുർബാന എന്നിവ നടക്കും.