പോസ്റ്റൽ വോട്ടുകൾ: ക്രമക്കേട് അന്വേഷിക്കണമെന്ന് പി.സി. തോമസ്
Saturday, April 17, 2021 2:08 AM IST
കോട്ടയം: പോസ്റ്റൽ വോട്ടുകൾ ആവശ്യത്തിലധികം ചില നിയോജക മണ്ഡലങ്ങളിൽ കൊടുക്കുകയും ഇഷ്ടംപോലെ കള്ളവോട്ടുകൾ ചെയ്യാനായി അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത നടപടിയെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നു കേരള കോൺഗ്രസ് ഡപ്യൂ ട്ടി ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്.
ഓരോ നിയോജകമണ്ഡലത്തിലും അവിടുത്തെ റിട്ടേണിംഗ് ഓഫീസർമാരോ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടതനുസരിച്ചുള്ള ബാലറ്റ് പേപ്പറുകളാണു നൽകേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടം മണ്ഡലത്തിൽ 15,000 പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകി. ഏഴരലക്ഷം പോസ്റ്റൽ വോട്ടുകൾ മാത്രമുള്ള കേരളത്തിൽ പത്തു ലക്ഷം ബാലറ്റ് പേപ്പറുകൾ തയാറാക്കി വിതരണം ചെയ്തിട്ടുണ്ട്. ഇത് സിപിഎം ഉദ്യോഗസ്ഥന്മാരുമായി പങ്കുചേർന്ന് നടത്തിയ തട്ടിപ്പാണെന്നും തോമസ് പറഞ്ഞു.