ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ദുരൂഹത
Tuesday, April 20, 2021 12:02 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു യാത്രക്കാരനെ തട്ടികൊണ്ടു പോയതിനു പിന്നിൽ ദുരൂഹതയെന്നു പോലീസ്. ഈ സംഭവത്തിന് സ്വർണ കള്ളക്കടത്ത് മാഫിയയുമായി ബന്ധമുണ്ടന്നാണ് സൂചന. ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ വടക്കാഞ്ചേരി സ്വദേശി താജു (30)വിനെയാണ് തട്ടിക്കൊണ്ടു പോയത്.
ഇയാൾ വിമാനത്താവളത്തിൽ നിന്നും പ്രീപെയ്ഡ് ടാക്സിയിൽ കയറി തൊട്ടടുത്തുള്ള പെട്രോൾ പമ്പിന് അടുത്ത് എത്തിയപ്പോൾ ഏതാനും വാഹനങ്ങൾ കുറുകെയിട്ട് ടാക്സി കാറിൽ നിന്ന് ബലമായി ഇറക്കി കൊണ്ടുപോവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂരിലെ ഒരു ലോഡ്ജിൽ നിന്ന് യാത്രക്കാരനെ കണ്ടെത്തി. ഇയാളെ നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്ത് വിട്ടയച്ചു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന രണ്ടു വാഹനങ്ങൾ പെരുമ്പാവൂരിൽ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
യാത്രക്കാരന്റെ മൊഴിയും വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി ഡ്രൈവറുടെ വെളിപ്പെടുത്തലും സിസിടിവി ദൃശ്യങ്ങളും പൊരുത്തപ്പെടുന്നില്ലന്നാണ് പോലീസ് പറയുന്നത്. യാത്രക്കാരൻ യാതൊരു എതിർപ്പുമില്ലാതെയാണ് വിമാനത്താവളത്തിനു പുറത്തുനിന്നു വന്ന കാറിൽ കയറിയതെന്നാണ് സാക്ഷിമൊഴി. കള്ളക്കടത്ത് സ്വർണം വിമാനത്താവളത്തിന് പുറത്ത് വന്നപ്പോൾ ബന്ധപ്പെട്ടവർക്ക് കൈമാറാതെ പ്രീപെയ്ഡ് ടാക്സിയിൽ കയറി പോകാൻ ശ്രമിച്ച യാത്രക്കാരനെ ബലമായി പിടിച്ചു കൊണ്ടുപോയി സ്വർണം കൈക്കലാക്കാൻ ശ്രമിച്ചുവെന്ന നിഗമനത്തിലാണ് പോലീസ്.