പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം: രണ്ടു വിദ്യാർഥികൾ പിടിയിൽ
Wednesday, April 21, 2021 12:11 AM IST
മഞ്ചേരി: പ്ലസ്ടു പരീക്ഷയെഴുതാൻ സുഹൃത്തിനെ പറഞ്ഞയച്ച വിദ്യാർഥിയും പരീക്ഷയെഴുതാൻ ഹാളിൽ കയറിയ കൂട്ടുകാരനും പോലീസ് പിടിയിൽ. ഇന്നലെ മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
രാവിലെ 9.40ന് ഹാൾടിക്കറ്റുമായി പരീക്ഷാഹാളിൽ കയറിയ വിദ്യാർഥിയെ കണ്ടു സംശയം തോന്നിയ ഇൻവിജിലേറ്റർ വിവരം പ്രിൻസിപ്പലിനെ അറിയിക്കുകയായിരുന്നു.
പ്രിൻസിപ്പൽ ആൾമാറാട്ടം കണ്ടെത്തിയ ഉടൻ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പരീക്ഷയെഴുതിയ വിദ്യാർഥിയെയും സ്കൂളിനു പുറത്തു കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയെയും കസ്റ്റഡിയിലെടുത്തു. പ്രിൻസിപ്പൽ രജനി മാത്യുവിന്റെ പരാതിയിൽ മഞ്ചേരി പോലീസ് കേസെടുത്തു.