മണ്ണാർക്കാട്ട് 23 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
Thursday, April 22, 2021 12:08 AM IST
മണ്ണാർക്കാട്: 23 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. നിലമ്പൂർ കാളികാവ് സ്വദേശി തെക്കഞ്ചേരി റിനീഷ് (29), കൊണ്ടോട്ടി കാഞ്ഞിരപറമ്പ് തൊട്ടിയിൽ ഫർഷാദ് (28), നിലമ്പൂർ വെള്ളയൂർ ഇരഞ്ഞിയിൽ ഫെബിൻ (30) എന്നിവരാണ് അറസ്റ്റിലായത്.
പൊതികളിലായി സൂക്ഷിച്ചിരുന്ന 23 കിലോ കഞ്ചാവാണ് ഇവരിൽനിന്നു പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ ജീപ്പും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി മണ്ണാർക്കാട് വിയ്യക്കുറുശ്ശി ദേശീയപാതയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. കിലോയ്ക്കു 10,000 രൂപ വച്ച് 2,30,000 രൂപയ്ക്കാണ് ആന്ധ്രയിൽനിന്നു കഞ്ചാവ് വാങ്ങിയതെന്നു പ്രതികൾ സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.